Wednesday, June 18, 2008

സ്നേഹപൂര്‍വ്വം........................






2004 ന്‍റെ തുടക്കത്തിലായിരുന്നു ഒരു മൊബൈല്‍ വാങ്ങുന്നതിനെ ക്കുറിച്ച് ഞാന്‍ ആദ്യമായി ചിന്തിച്ചത്‌. അന്ന് ഞങ്ങളുടെ നാട്ടില്‍ ഇടുക്കിയില്‍ മൊബൈല്‍ സര്‍വീസ് എല്ലായിടത്തും ലഭ്യമായിരുന്നില്ല എങ്കിലും ജോലി സംബന്ധമായി കോട്ടയത്ത്‌ വന്നപ്പോഴായിരുന്നു മൊബൈല്‍ ചിന്തകള്‍ ഉണ്ടാകാന്‍ തുടങ്ങിയത്.


മൊബൈല്‍ ഉപയോഗിക്കുന്ന പലരുടെയും, പ്രധാനമായി അടുത്ത മുറികളിലെ രാജീവ്ന്‍റെയും സുരേഷ് ഭായ് യുടെയും അഭിപ്രായ പ്രകാരം ആണ് ഒരു Nokia 3310 എടുക്കാം എന്ന് അവസാനം തീരുമാനിച്ചത്.


ഞാന്‍ താമസിച്ചിരുന്ന ലോഡ്ജ്ന്‍റെ താഴത്തെ നിലയിലുള്ള സ്റ്റീഫന്‍ ചേട്ടന്റെ കടയില്‍ നിന്നും ആയിരുന്നു ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ മൊബൈല്‍ വാങ്ങിയത്.


കാലം പിന്നെയും മുന്നോട്ടു പോയി. പല പുതിയ മൊബൈലുകളും പുതിയ സാങ്കേതിക വിദ്യയിലും ഡിസൈന്‍ലും രംഗത്ത് വന്നു. പലരും അവരുടെ പുറകെ പോയപ്പോള്‍ എനിക്കെന്തോ നിന്നെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. ഒരു കല്ല് കുറെ നേരം എന്‍റെ കയ്യില്‍ വച്ചിരുന്നാല്‍ അതിനോട് പോലും എനിക്കൊരു ആത്മബന്ധം ഉണ്ടാകുമെന്ന് നിനക്കറിയാമല്ലോ. നിന്നോടുണ്ടായിരുന്നത് അതിനും അപ്പുറത്തായിരുന്നു.


നീ എന്‍റെ സ്വന്തമായ അന്ന് മുതല്‍ എന്‍റെ എല്ലാ പ്രവര്‍ത്തികളുടെയും ഏക സാക്ഷി നീ മാത്രമായിരുന്നു. പ്രണയം, അതിന്‍റെ തകര്‍ച്ച, സുഹൃത്തുക്കളുമായി ഞാന്‍ സംസാരിച്ചിരുന്ന രഹസ്യങ്ങള്‍ ജീവിതത്തിലെ പ്രധാന വഴിതിരുവുകള്‍ ............. എല്ലാത്തിനും നീ മാത്രമായിരുന്നു സാക്ഷി. എന്നെ നീ മനസിലാക്കിയടുതോളം വേറെ ആര്‍ക്കും അറിയില്ല്ല എന്നെനിക്കും അറിയാം.


പലരും നിന്നെ നോക്കി മൊബൈല്‍ മാറുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ എനിക്കിതു ധാരാളം മതി എന്നായിരുന്നില്ലേ ഞാന്‍ പറഞ്ഞതു?


തിരുവനതപുരത്ത് താമസം തുടങ്ങിയപ്പോഴായിരുന്നു ഞാന്‍ ഒരു iPod വാങ്ങുന്നതിനെ ക്കുറിച്ച് ചിന്തിച്ചത്‌. പാട്ടുകളോട് എനിക്കുണ്ടായിരുന്ന ഇഷ്ട്ടം നിനക്കു നന്നായി അറിയാമായിരുന്നല്ലോ?. ആ സമയത്തു ഏതോ ഒരു നിമിഷത്തില്‍ ഒരു MP3 player ഉള്ള മൊബൈല്‍ വാങ്ങിയാലോ എന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ നിന്നെ ഉപേക്ഷിക്കുക എന്നത് എനിക്ക് സാധ്യമായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഒരുപാടു സമയം നമ്മള്‍ തമ്മില്‍ സംസാരിച്ചു. നിന്റെ വിഷമം എനിക്ക് നന്നായി അറിയാമായിരുന്നത് കൊണ്ട് അവസാനം പുതിയ മൊബൈല്‍ വാങ്ങാനുള്ള തീരുമാനം ഞാന്‍ ഉപേക്ഷിച്ചു. എങ്കിലും പിന്നീട് ദിവസങ്ങളോളം നീ ദുഖിതനായിരുന്നു. എന്തോ തീരുമാനിച്ചത് പോലെ.


മുന്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ഞാന്‍ കഴിഞ്ഞ ഏപ്രില്‍ 20 നു വീട്ടിലേക്ക് (ഇടുക്കി) പോയത്. പതിവുപോലെ നീയും എന്‍റെ ഒപ്പം.

പിറ്റേ ദിവസം രാവിലെ 7.30 നു നമ്മള്‍ ചെറുതോണിയില്‍ എത്തി. വീട്ടിലേക്ക് നമ്മള്‍ വിളിച്ചു (അപ്പോഴൊന്നും എന്തായിരുന്നു നിന്‍റെ മനസിലെന്നു എനിക്കറിയില്ലായിരുന്നു). നമ്മള്‍ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോയി. അപകടം എപ്പോഴും മറഞ്ഞിരിക്കുന്ന ആ റോഡ്. എനിക്കും നിനക്കും പരിചയമുള്ള എത്ര പേരുടെ ജീവന്‍ അവിടെ പൊലിഞ്ഞു പോയിരിക്കുന്നു . നമ്മുടെ ഓട്ടോയുടെ എതിരെ ഒരു ലോറി വന്നു നമ്മുടെ സന്തോഷ് അണ്ണന്റെ തടിലോറിയാണോ എന്നറിയാന്‍ ഒരു നിമിഷം ഞാന്‍ ഒന്നു എത്തി നോക്കി.


ആ ഒരു നിമിഷം നിനക്കു ധാരാളമായിരുന്നു ..............


ലോഡുമായി വന്ന ആ ലോറിയുടെ അടിയിലേക്ക് നീ എടുത്തു ചാടി. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ ആവുന്നതിനു മുന്‍പ് എല്ലാം കഴിഞ്ഞിരുന്നു. ...................

എന്തിന് നീ ഇതു ചെയ്തു?............

നിന്നെ നോവിച്ചതിനു ഞാന്‍ എത്ര പ്രാവശ്യം ക്ഷമ പറഞ്ഞു?


ഇനി ഒരു മൊബൈല്‍ എന്‍റെ ജീവത്തില്‍ വേണ്ട എന്നായിരുന്നു ഞാന്‍ ആദ്യം ചിന്തിച്ചത്‌. അങ്ങിനെ ആയാല്‍ നിന്‍റെ മരണത്തിന്നു പോലും അര്‍ത്ഥം ഇല്ലേ എന്ന് നീ ചോദിക്കുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിയത്.

ഇതാ എന്‍റെ പുതിയ Sony Ericsson





നിന്‍റെ മരണത്തെ ഇന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഒരു അദൃശ്യ സാന്നിധ്യമായി ഇന്നും നീ എന്‍റെ കൂടെ ഉണ്ട്.

ഒന്നു നീ ഇനിയെങ്കിലും മനസിലാക്കുക.


ഈ ലോകത്തിലെ ഒരു മൊബൈലും നിനക്കു പരകരമാവില്ല.

2 comments:

ദിലീപ് വിശ്വനാഥ് said...

കൊന്നതല്ലേ ദുഷ്ടാ.. എന്നിട്ട് വിലപിക്കുന്നോ?

ചേര്‍ത്തലക്കാരന്‍ said...

ഹ ഹ് ഹ, ഇഷ്ടായി